Parivar News
Online News Portal

“മലപ്പുറത്ത് അധിക പ്ലസ്‌വണ്‍ ബാച്ച്; ഉത്തരവിടില്ല’

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ പ്ലസ് വണ്‍‍ ബാച്ചുകൾ അധികമായി അനുവദിക്കാൻ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സുപ്രീം കോടതി. അധിക ബാച്ചുകളുടെ സാമ്പത്തിക ഭാരം വഹിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ ആവശ്യകത കണക്കിലെടുത്ത് കൂടുതൽ എയ്ഡഡ്, അൺ എയ്ഡഡ് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകി.

ജില്ലയിലെ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് അധിക ബാച്ചുകൾ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. മൂന്നാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. എയ്ഡഡ് ബാച്ചുകൾ അനുവദിക്കാൻ കഴിയുന്നില്ലെങ്കിൽ അൺ എയ്ഡഡ് ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.

സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ സ്കൂൾ മാനേജ്മെന്‍റിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ പാറക്കടവ് മുനിയൂർ എച്ച്എസ്എസ് സ്കൂൾ പ്ലസ് വണ്‍‍ ക്ലാസുകൾക്ക് അധിക ബാച്ചിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.