Parivar News
Online News Portal

5ജിയെ വരവേൽക്കാനൊരുങ്ങി കൊച്ചിയും, മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊച്ചി: ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിലും 5ജി സേവനങ്ങൾ എത്തുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചി നഗരസഭയുടെ പരിധിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ഇന്ന് 5ജി സേവനങ്ങൾ ലഭ്യമാകുക. പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ നേതൃത്വത്തിലാണ് കേരളത്തിൽ 5ജി അവതരിപ്പിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന 5ജിയുടെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഏതാനും ദിവസം ട്രയൽ റണ്ണായിട്ടാണ് 5ജി ലഭിക്കുക. പിന്നീട് കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 4ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ, 5ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിംഗിസിൽ മാറ്റം വരുത്തിയാൽ 5ജി ലഭിക്കുന്നതാണ്. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്.

2022 ഒക്ടോബർ മുതലാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ റിലയൻസ് 5ജി സേവനങ്ങൾ നൽകാൻ തുടങ്ങിയത്. മെട്രോ നഗരത്തിൽ 5ജി എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും 5ജി എത്തുന്നത്. റിലയൻസിന് പുറമേ, തിരഞ്ഞെടുത്ത നഗരങ്ങളിൽ ഭാരതി എയർടെലും 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്.