ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരി ഗംഗാ വിലാസ് ജനുവരി 13 ന് ഫ്ളാഘ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സവാരി ഫ്ളാഗ് ഓഫ് ചെയ്യുക. ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെ ക്രൂസ് സഞ്ചരിക്കും. 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
വാരാണസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ കാണാനുള്ള അവസരം ലഭിക്കും. 3,200 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിൽ ഏകദേശം 1,100 കിലോമീറ്റർ ദൂരം ബംഗ്ലദേശിലൂടെയാണ് യാത്ര. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് അനുസരിച്ചാണ് യാത്രാപഥം തയാറാക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ലോകത്തിലെ തന്നെ സവിശേഷമായ ക്രൂസാണിതെന്നും ഇന്ത്യയിൽ വളരുന്ന ക്രൂസ് ടൂറിസത്തിന്റെ പ്രതിഫലനമാണിതെന്നും നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ബംഗാളിലുള്ളവരെല്ലാം ഇത് ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.