‘അവര്‍ ജിമ്മില്‍ കഷ്ടപ്പെടുമ്പോള്‍ മണിരത്നം എനിക്കു മാത്രം കുറേ ഭക്ഷണം തരുമായിരുന്നു’; ജയറാം
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ ആൾവാർ അടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് മണിരത്നം തനിക്ക് മാത്രം കുറേ ഭക്ഷണം വാങ്ങിത്തരുമായിരുന്നു എന്ന് ജയറാം. തന്റെ കഥാപാത്രത്തിന് കുടവയർ ആവശ്യമുള്ളതിനാൽ മറ്റുള്ളവർ വർക്ക് ഔട്ട് ചെയ്യുമ്പോൾ തനിക്ക് മാത്രമാണ് ഭക്ഷണം ലഭിച്ചതെന്ന് താരം പറഞ്ഞു. പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനത്തിന്റെ പ്രകാശന വേളയിലാണ് താരം മനസ് തുറന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തായ്ലൻഡിൽ നടക്കുമ്പോൾ, എന്റെ ഷൂട്ടിംഗ് പുലർച്ചെ 3.30 ന് ആരംഭിക്കും. 6 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അരുൾ മൊഴി വർമ്മൻ (ജയം രവി), വന്തിയ തേവൻ (കാർത്തി) എന്നിവർ വർക്ക് ഔട്ട് ചെയ്യുന്നുണ്ടാവും. 18 മണിക്കൂർ ജോലി ചെയ്തിരിക്കണം. എന്നിട്ടും രാത്രി പത്തുമണിവരെ അവർ വർക്ക്ഔട്ട് ചെയ്യുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഇരുവരും ചിത്രത്തിനായി കഠിനാധ്വാനം ചെയ്തു. എനിക്ക് മാത്രം കഴിക്കാൻ ധാരാളം ഭക്ഷണം നൽകാറുണ്ടായിരുന്നു. എനിക്ക് കുടവയർ വേണമായിരുന്നു. അവർക്കാണെങ്കിൽ ഒട്ടും വയറും ഉണ്ടാകാൻ പാടില്ല,” ജയറാം പറഞ്ഞു.
പൊന്നിയിൻ സെൽവൻ എല്ലാ തമിഴരുടെയും മനസ്സിലുള്ള കഥയാണെന്നും അതിനാൽ ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇത്രയും പ്രതീക്ഷകളോടെ ഒരു ചിത്രം പുറത്തിറങ്ങുന്നതെന്നും ജയറാം പറഞ്ഞു. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു. ആൾവാർ അടിയൻ നമ്പി ചോളരുടെ വിശ്വസ്തനായിരുന്നു. പ്രധാനമന്ത്രിയുടെയും അമ്മ ചെമ്പിയൻ മഹാദേവി രാജ്ഞിയുടെയും ചാരനായി അദ്ദേഹം പ്രവർത്തിച്ചു. ചോളരുടെ സൈന്യാധിപന്മാരില് ഒരാളായ വന്ദിയ തേവന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.