കൊച്ചി: ദേശീയപാതയിലെ കുഴികൾ കാരണം അപകടമുണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമ്മിത ദുരന്തങ്ങളാണിവ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു. ആളുകൾ മരിക്കുമ്പോൾ എന്തിനാണ് ടോൾ നൽകുന്നത്, ആരാണ് ടോൾ പിരിവ് നിർത്തേണ്ടതെന്നും കോടതി ആരാഞ്ഞു. ഈ മാസം 31ന് ഓൺലൈനായി ഹാജരാകാൻ വിജിലൻസ് ഡയറക്ടറോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തൃശൂർ, എറണാകുളം കളക്ടർമാർ കോടതി നിർദ്ദേശ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മണ്ണുത്തി-കറുകുറ്റി ദേശീയപാതയിൽ വീഴ്ചയുണ്ടായെന്നാണ് തൃശൂർ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. റോഡ് പണി നടക്കുമ്പോൾ ആരും ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.