മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. യാത്രക്കാരൻ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വർണം കടത്താൻ സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാന കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ് സാമിൽ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ദുബായിൽ നിന്നും വന്ന വയനാട് സ്വദേശിയായ അസ്കറലി എന്ന യാത്രക്കാരന്‍റെ ബാഗ് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് സീനിയർ എക്സ്ക്യൂട്ടീവ് സാജിദ് റഹ്മാൻ പിടിയിലായത്. കസ്റ്റംസിന്റെ സ്കാനർ പരിശോധനയിൽ പെട്ടിക്കുള്ളിൽ സ്വർണ്ണ മിശ്രിതം കണ്ടെത്തിയിരുന്നു. എന്നാൽ, യാത്രക്കാരൻ മുങ്ങിയതിനാൽ ബാഗ് തുറന്നു പരിശോധിക്കുന്നതിന് കസ്റ്റംസിനു സാങ്കേതിക പ്രശ്നം നേരിട്ടു. തുടർന്ന്, സാക്ഷികളുടെയും വിമാന കമ്പനിയിലെ മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ ആണ് ബാഗ് തുറന്ന് പരിശോധിച്ചത്.
ഇരുവരും നേരത്തെയും സമാന തരത്തിൽ സ്വർണ്ണ കടത്തിനു ഒത്താശ ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്.