ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് പുറമെ ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള അടുത്ത യാത്ര കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ആദ്യം യാത്ര ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. പടിഞ്ഞാറ് ഗുജറാത്തിൽ നിന്ന് കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര.
ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു. ഈ യാത്രയുടെ വിജയത്തോടെ, അടുത്ത വർഷം മറ്റൊരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും 2023 ൽ ഗുജറാത്തിലെ പോർബന്തറിൽ നിന്ന് അരുണാചൽ പ്രദേശിലെ പരശുറാം കുണ്ഡിലേക്ക് ഒരു യാത്രയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ ദൈർഘ്യത്തിനനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്ന് ജയറാം രമേശ് വിശദീകരിച്ചു. ഗുജറാത്തിലെത്താൻ 90 ദിവസമെടുക്കുമെന്നും രമേശ് പറഞ്ഞു.