ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്. പൊതുസഭയിൽ മോദിയുടെ പരാമർശത്തെ പിന്തുണച്ച് മാക്രോണ്‍ രംഗത്തെത്തി.
“ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണ്. പാശ്ചാത്യരോട് പ്രതികാരം ചെയ്യാനുള്ള സമയമല്ല ഇത്. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള സമയമാണിത്, നാം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് നേരിടാനുള്ള സമയമാണിത്,” – മാക്രോണ്‍ പറഞ്ഞു.
ഉസ്ബക്കിസ്താനിലെ സമര്‍ഖണ്ഡില്‍ നടന്ന കൂടിക്കാഴ്ചയില്‍ വെച്ചായിരുന്നു ‘ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനോട് പറഞ്ഞത്. ഇത് യുഎസ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി യുദ്ധത്തിന്റെ പേരില്‍ പുടിനെ വിമര്‍ശിച്ചു എന്ന തലക്കെട്ടിലാണ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയത്.