04.09.2022 തീയതി സന്ധ്യാ സമയത്തോട് കൂടി കായംകുളം പെരിങ്ങാല ചക്കാല കിഴക്കതിൽ വീട്ടിൽ ഹരിദാസിന്റെ വീട്ടിൽ നിന്നും 50 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്ന കേസിലാണ് കുപ്രസിദ്‌ധ മോഷ്ടാവായ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ഇരിക്കൂർ വില്ലേജിൽ പട്ടുവ ദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ റാബിയ ഖാലിദ് മകൻ ഇസ്മായിൽ (30) ആണ് പോലീസ് പിടിയിലായത്. 04.09.22 തീയതി സന്ധ്യാ സമയത്ത് വീട്ടുകാർ രണ്ട് വീടുകൾക്കപ്പുറമുള്ള വീട്ടിൽ ഓണ പരിപാടി കാണാനായി പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവർന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ റിമാന്റിൽ കഴിഞ്ഞു വന്നിരുന്ന ഇസ്മായിൽ 02.09.22 തീയതി യിൽ പുറത്തിറങ്ങിയ ശേഷം 03.09. 22 തീയതിയിൽ പത്തനംതിട്ടയിലുള്ള പെൺ സുഹൃത്തിനെ കാണാനെത്തുകയും തുടർന്ന് പത്തനാപുരത്ത് നിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്തെടുത്ത് ആ സ്കൂട്ടറിൽ കറങ്ങി നടന്ന് കായംകുളത്തെത്തി ആളില്ലാതിരുന്ന വീട് നോക്കിയാണ് മോഷണം നടത്തിയത്. പിന്നീട് അടൂർ ഭാഗത്തേക്ക് പോയ ഇയാൾ സ്കൂട്ടർ അടൂരിൽ ഉപേക്ഷിച്ച ശേഷം ബസിൽ കോഴിക്കോട്ടേക്ക് പോവുകയും അവിടെ ഒരു ലോഡ്ജിൽ താമസിച്ചു വരികയും, പിന്നീട് മോഷണ സ്വർണ്ണം വിൽക്കാൻ കണ്ണൂർ ഠൗണിലുള്ള ഒരു ജ്യൂവലറിയിലെത്തിയപ്പോഴാണ് കണ്ണൂർ ഠൗൺ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്. കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിൽ പണയം വെച്ചതും, ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ സൂക്ഷിച്ചിരുന്നതു മുൾപ്പെടെ മുഴുവൻ സ്വർണ്ണവും പണവും പോലീസ് കണ്ടെടുത്തു. . പ്രത്യക്ഷ തെളിവുകളോ സി.സി.ടി.വി. ദൃശ്യങ്ങളോ ഇല്ലാതിരുന്ന ഈ കേസിൽ അന്വേഷണം നടത്തി വരവെയാണ് ഇസ്മായിൽ പിടിയിലായത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇസ്മായിൽ ആദ്യമായാണ് ആലപ്പുഴ ജില്ലയിൽ മോഷണ കേസിൽ പിടിയിലാകുന്നത്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലുൾപ്പെട്ട സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ.മാരായ എം.ശ്രീകുമാർ , വി. ഉദയകുമാർ , എ എസ്.ഐ. ഉദയകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, ഗിരീഷ്, മോനിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, അനീഷ്, ശരത്, നിഷാദ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.