മദ്യ ലോറി അപകടത്തില്‍പ്പെട്ടു: കഴിയുന്നതും ശേഖരിച്ച് നാട്ടുകാര്‍, അവശേഷിച്ചത് പൊലീസ് എടുത്തു
കോഴിക്കോട്: ഫറോക്കിൽ മദ്യവുമായെത്തിയ ചരക്കു ലോറി പാലത്തിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30ന് ഫറോക് പഴയ പാലത്തിലാണ് സംഭവം. അപകടത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ വീണു. അപകടത്തിൽപ്പെട്ട ലോറി കോഴിക്കോട് ഭാഗത്ത് നിന്നുമാണ് എത്തിയത്. ലോറി നിർത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മദ്യക്കുപ്പികൾ റോഡിൽ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
തുടർന്ന് മദ്യക്കുപ്പികൾ നാട്ടുകാർ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. അനധികൃത മദ്യക്കടത്താണോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം വിദേശ മദ്യവുമായി വന്ന ലോറി കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. അടിവാരത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ചുരമിറങ്ങി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച്ചാണ് 30 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവർക്ക് പരുക്ക് പറ്റിയിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി വരുന്ന ലോറിയായിരുന്നു മറിഞ്ഞത്.