തിരുവനന്തപുരം: സ്വിഫ്റ്റ് ബസില്‍ സാമ്പത്തിക ക്രമക്കേട് കാട്ടിയ 35 ജീവനക്കാര്‍ക്ക് പിഴ നല്കാന് കെഎസ്ആര്‍ടിസി തീരുമാനം. വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി. കരാര്‍ ജീവനക്കാരായതിനാല്‍ പിരിച്ചുവിടാമെങ്കിലും ആദ്യഘട്ടമായതിനാല്‍ പിഴയും താക്കീതും നല്കാന് കെഎസ്ആര്‍ടിസി തീരുമാനിക്കുകായിരുന്നു.
നടത്തിയ സാമ്പത്തിക ക്രമക്കേട് അനുസരിച്ചായിരിക്കും പിഴ ചുമത്തുക 5000 മുതല്‍ 7000 രൂപവരെ പിഴചുമത്തിയിട്ടുണ്ട്. ബെംഗളൂരു ബസിലെ യാത്രക്കാരനില്‍നിന്നും ടിക്കറ്റ് നല്‍കാതെ ഗൂഗിള്‍പേയില്‍ കണ്ടക്ടര്‍ ടിക്കറ്റ് തുക വാങ്ങിയ സംഭവത്തെത്തുടര്‍ന്നാണ് വിജിലന്‍സ് വിഭാഗം വ്യാപക പരിശോധന നടത്തിയത്.
ബസില്‍ ബാഗ് മറന്നുപോയ യാത്രക്കാരന് സ്റ്റേഷന്മാസ്റ്റര് ഓഫീസില്‍ എത്തിയിരുന്നു. പരാതി നല്കിയപ്പോള് സ്റ്റേഷന്മാസ്റ്റര് ടിക്കറ്റിന്റെ പകര്‍പ്പ് ചോദിച്ചു. അപ്പോഴാണ് ഗൂഗിള്‍പേയില്‍ തുക നല്‍കിയെന്ന കാര്യം വ്യക്തമാക്കിയത്. സ്വിഫ്റ്റ് ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ക്രമക്കേട് നടത്തുന്നതായി അന്വേഷണത്തില്‍ സൂചന ലഭിച്ചു.
രണ്ടു ദിവസത്തെ പരിശോധനയില്‍ 60 ജീവനക്കാരെ പിടികൂടി. കണ്ടക്ടറുടെ കാഷ് ബാഗില്‍ കൂടുതല്‍ തുക കണ്ടെത്തിയതുള്‍പ്പെടെ നടപടി എടുത്തിട്ടുണ്ട്. പൂര്‍ണമായും റിസര്‍വേഷനിലുള്ള ദീര്‍ഘദൂര ബസുകളില്‍ പരിശോധന കുറവാണ്. റിസര്‍വേഷന്‍ റദ്ദാക്കപ്പെടുന്ന സീറ്റുകളിലാണ് മറ്റു യാത്രക്കാരെ കയറ്റി ചില കണ്ടക്ടര്‍മാര്‍ പണം വാങ്ങിയിരുന്നത്.