Parivar News
Online News Portal

ലോകകപ്പ് വിജയ തിളക്കം: അര്‍ജന്‍റീനയുടെ കറന്‍സിയില്‍ മെസി ഇടം പിടിച്ചേക്കും?

ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പ് വിജയ തിളക്കത്തില്‍ അര്‍ജന്‍റീനയിലെ കറന്‍സികളില്‍ നായകൻ ലയണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സ്പോര്‍ട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനാണ് ബഹുമതിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

36 വര്‍ഷത്തിന് ശേഷം ലോക കപ്പ് ഫുട്ബോള്‍ നേട്ടത്തിന്‍റെ ആഘോഷത്തിലാണ് അര്‍ജന്‍റീനയും ആരാധകരും. കറന്‍സിയില്‍ മെസിയുടെ ചിത്രം പതിപ്പിക്കുന്നത് സംബന്ധിച്ച് തര്‍ച്ചകള്‍ ബാങ്ക് ഓഫ് ആര്‍ജന്‍റീനയുടെ റെഗുലേറ്ററുടെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ ആദ്യം തമാശ രൂപത്തിലാണ് നിര്‍ദ്ദേശം ഉയര്‍ന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിര്‍ദ്ദശത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിനോടകം അര്‍ജന്‍റീനയുടെ കറന്‍സിയായ പെസോയില്‍ മെസിയുടെ മുഖം വച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നോട്ടിന്‍റെ ഒരു ഭാഗത്താവും മെസിയുടെ ചിത്രമുണ്ടാകുക. മറുഭാഗത്ത് കോച്ച് സ്കലോണി നയിക്കുന്ന ടീം അംഗങ്ങളുടെ ചിത്രമാവും ഉണ്ടാവുക. 1978ല്‍ ആദ്യമായി അര്‍ജന്‍റീന ലോകകപ്പ് നേടിയ സമയത്ത് നേട്ടത്തെ അനുസ്മരിപ്പിക്കുന്ന നാണയങ്ങള്‍ രാജ്യം പുറത്തിറക്കിയിരുന്നു.

മെസി നയിക്കുന്ന അര്‍ജന്‍റീന ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 4-2ന് പരാജയപ്പെടുത്തിയാണ് ലോകകപ്പ് നേടിയത്. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ഖത്തര്‍ ലോകകപ്പില്‍ മെസി നല്‍കിയ സംഭാവന.