ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലും കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയില്‍ നേരത്തേ വലിയ കോവിഡ് തരംഗത്തിന് ഇടയാക്കിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ബിജെ.1, ബിഎ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നതാണ് എക്‌സ്ബിബി. ഈ വകഭേദത്തിലൂടെ വീണ്ടും വൈറസ് ബാധയേല്‍ക്കാന്‍ (റീഇന്‍ഫെക്ഷന്‍) സാധ്യത കൂടുതലാണെന്ന് ഒക്ടോബറില്‍ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനു മുന്‍പു കോവിഡ് വന്നവര്‍ക്കാണു രോഗബാധയ്ക്കു സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത്, ഇന്ത്യയില്‍ കോവിഡ് തുടങ്ങിയ 2020 ജനുവരി 30 മുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 2021 അവസാനം വരെ പോസിറ്റീവായവരാണു റിസ്‌ക് വിഭാഗത്തില്‍.